This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണ്‍സ്റ്റബിള്‍, ജോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോണ്‍സ്റ്റബിള്‍, ജോണ്‍

Constable, John (1776 - 1837)

ജോണ്‍ കോണ്‍സ്റ്റബിള്‍

ഇംഗ്ലീഷ്‌ ചിത്രകാരന്‍. ഗ്രാമീണഭംഗിയും ചരിത്രസ്‌മാരക സംഭവങ്ങളും കാന്‍വാസില്‍ പകര്‍ത്തിയ ആദ്യത്തെ യൂറോപ്യന്‍ ചിത്രകാരനായ ഇദ്ദേഹം ആധുനിക പ്രകൃതിദൃശ്യ ചിത്രകലയുടെ പിതാവ്‌ എന്നറിയപ്പെടുന്നു. 1776 ജൂണ്‍ 11-ന്‌ സഫോക്കിലുള്ള കിഴക്കന്‍ ബര്‍ഗോള്‍ട്ടില്‍ ജനിച്ചു. 1793 വരെ ജോണ്‍ കോണ്‍സ്റ്റബിള്‍ ഡെഡ്‌ഹാമിലെ ഗ്രാമര്‍ സ്‌കൂളില്‍ പഠനം നടത്തിയ ഇദ്ദേഹം, വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ പ്രകൃതി ദൃശ്യകലയില്‍ താത്‌പര്യം പ്രകടിപ്പിച്ചിരുന്നു. 1795-ല്‍ ലണ്ടനിലേക്കുപോകുകയും പ്രസിദ്ധ ശില്‌പവിദ്യാവിദഗ്‌ധനായ ജോണ്‍തോമസ്‌ സ്‌മിത്തില്‍നിന്ന്‌ അമ്ലം പ്രയോഗിച്ചുള്ള ചിത്രപ്പണി (etching) അഭ്യസിക്കുകയും ചെയ്‌തു.

ജോണ്‍ കോണ്‍സ്റ്റബിളിന്റെ ഒരു പെയിന്റിങ്

1799-ല്‍ ബ്രിട്ടനിലെ റോയല്‍ അക്കാദമി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്‌ പ്രകൃതി സൗന്ദര്യത്തോടുള്ള ജോണ്‍ കോണ്‍സ്റ്റബിളിന്റെ അടക്കാനാവാത്ത ആവേശം ഇദ്ദേഹത്തിന്റെ മനസ്സില്‍ ചിത്രകലയുടെ പുതിയ രൂപവും ഭാവവും ഉളവാക്കി. ഇതിന്റെ അനന്തരഫലമായിരുന്നു ലൈറ്റ്‌ ആന്‍ഡ്‌ ഷേഡ്‌ കൊണ്ടുള്ള നൂതന പ്രകൃതിദൃശ്യ ചിത്രങ്ങള്‍. ഇവയുടെ ആദ്യത്തെ പ്രദര്‍ശനം 1802-ല്‍ റോയല്‍ അക്കാദമിയില്‍ നടന്നു. ഒരു ചിത്രകാരന്‍ എന്ന നിലയില്‍ ജോണിന്റെ വളര്‍ച്ച സാവധാനത്തിലായിരുന്നു. ചിത്രകലയുടെ സാങ്കേതിക വശങ്ങള്‍ സ്വായത്തമാക്കുന്നതിനുവേണ്ടി തോമസ്‌ ഗെയിന്‍സ്‌ ബറോ, ക്ലോഡ്‌, ലൊറൈന്‍, റിച്ചാര്‍ഡ്‌ വില്‍സണ്‍ എന്നിവരുടെ ചിത്രരചനകളെ ഇദ്ദേഹം സൂക്ഷ്‌മ പഠനത്തിനു വിധേയമാക്കി.

ബ്രിട്ടനിലെ ഒരു ഉള്‍പ്രദേശമായ കിഴക്കന്‍ ആന്‍ജലിയയിലെ സ്റ്റൗര്‍ (Stour) നദീതട ദൃശ്യങ്ങള്‍, നദീതീരത്തെ ബോട്ടുനിര്‍മാണം, ഉഴുതുമറിച്ച പാടങ്ങള്‍, കര്‍ഷകകുടിലുകള്‍, മേഘാവൃതമായ ആകാശം, ഋതുഭേദങ്ങള്‍ തുടങ്ങിയവ വരയ്‌ക്കുവാനാണ്‌ ജോണ്‍ കോണ്‍സ്റ്റബിള്‍ ജീവിതത്തിന്റെ ഏറിയപന്നും ചെലവഴിച്ചത്‌.

ജീവിതകാലത്ത്‌ ഇദ്ദേഹത്തിന്‌ ഇംഗ്ലണ്ടില്‍ അര്‍ഹമായ അംഗീകാരം ലഭിച്ചിരുന്നില്ല. 1829-നു ശേഷമാണ്‌ റോയല്‍ അക്കാദമി ഇദ്ദേഹത്തിനു പൂര്‍ണമായ അംഗത്വം നല്‌കിയത്‌. അതേസമയം, ഫ്രാന്‍സില്‍ വമ്പിച്ച അംഗീകാരം ലഭിച്ചിരുന്നു. 1824-ലെ പാരിസ്‌ കലാപ്രദര്‍ശനത്തില്‍ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ന്യൂയോര്‍ക്കിലെ മെട്രാപൊളിറ്റിന്‍ മ്യൂസിയം ഒഫ്‌ ആര്‍ട്ട്‌, ലണ്ടനിലെ വിക്‌ടോറിയ ആന്‍ഡ്‌ ആല്‍ബര്‍ട്ട്‌ മ്യൂസിയം എന്നിവിടങ്ങളില്‍ കോണ്‍സ്റ്റബിളിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. 1837 മാ. 31-ന്‌ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍